History

വിശ്വാസചൈതന്യത്തിന്റെ വിശുദ്ധഗോപുരം

തുരുത്തി മര്‍ത്ത് മറിയം ഫൊറോനപള്ളി മധ്യകേരളത്തിലെ പുരാതന ദൈവാലയങ്ങളിലൊന്നാണ്. രണ്ടു നൂറ്റാണ്ടിനോടടുത്ത വിശ്വാസ പാരമ്പര്യവുമായി നിലകൊള്ളുന്ന ഈ പുരാതന ദൈവാലയത്തെ സംബന്ധിച്ച ചരിത്ര രേഖകള്‍ പരിമിതമാണെങ്കിലും വാമൊഴിയായും വരമൊഴിയായും ലഭിച്ചിട്ടുള്ള ചില വിവരങ്ങള്‍ വിലപ്പെട്ടവയാണ്.

കയ്യാലകത്ത് പീലിപ്പോസ് കത്തനാര്‍ എഴുതി തയ്യാറാക്കിയ ഒരു രേഖയാണ് ദൈവലയത്തിന്റെ സ്ഥാപനത്തെക്കുറിച്ച് ആധികാരികമായി നമുക്ക് അവലംബിക്കാനാവുന്നത്. 1800 കാലഘട്ടത്തില്‍ നിലനിന്നിരുന്ന മലയാളം ലിപിയിലും ഭാഷാശൈലിയിലും ഏറെ ഭംഗിയുള്ള കൈപ്പടയില്‍ തയ്യാറാക്കിയ ആ രേഖയുടെ ശരിപകര്‍പ്പ് നമ്മുടെ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇന്നത്തെ തലമുറയ്ക്ക് തികച്ചും അപരിചിതമായൊരു സാമൂഹ്യ പശ്ചാത്തലവും ആദ്ധ്യാത്മിക സാഹചര്യവുമാണ് അന്നു കേരളത്തില്‍ നിലനിന്നിരുന്നത്. കത്തോലിക്കാ സഭയുടെ ഭരണപരവും കൗദാശികവുമായ കാര്യങ്ങളില്‍ ഇന്നത്തേതില്‍ നിന്നു തികച്ചും വ്യത്യസ്തമായ രീതികളും ശൈലികളുമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍, വിശ്വാസാനുഭവത്തില്‍ ആഴപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു അന്ന് തുരുത്തിയിലും സമീപ കരകളിലും വസിച്ചിരുന്ന കത്തോലിക്കര്‍. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും അന്ന് അനുഭവപ്പെട്ടിരുന്ന പ്രതിബന്ധങ്ങളില്‍ വളരെ ഖിന്നരായിരുന്നു വിശ്വാസികള്‍. പീലിപ്പോസ് കത്തനാരുടെ ലിഖിതത്തിലെ ആദ്യഖണ്ഡികയില്‍ നിന്നുതന്നെ ഇതു നമുക്കു ഗ്രഹിക്കുവാനാകും.

ആലപ്പുഴ ജില്ലയോടു ചേര്‍ന്നുകിടക്കുന്ന തുരുത്തി പ്രദേശം നെല്‍പ്പാടങ്ങളുടെയും നാളികേര കൃഷിയിടങ്ങളുടെയും ഹരിതാഭ നിറഞ്ഞ നാടാണ്. നെല്ലും നാളികേരവും കൂടാതെ ഒട്ടെല്ലാ കൃഷികളും ഈ പ്രദേശത്തിന്റെ കാര്‍ഷിക സമ്പന്നതയ്ക്കു നിദാനമായിരുന്നു. നിലവില്‍ ഈ പ്രദേശം ചങ്ങനാശേരി താലൂക്കിന്റെ ഭാഗമാണ്.

ചങ്ങനാശേരി തലസ്ഥാനമായിരുന്ന നന്റുഴൈനാട് പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നന്റൂഴൈനാട് ഇല്ലാതായി. പിന്നീടു പ്രാബല്യത്തില്‍ വന്ന വെമ്പലനാട് രണ്ടായി പിരിഞ്ഞു. അങ്ങനെ തെക്കുംകൂറും വടക്കുംകൂറും നിലവില്‍ വന്നു.

മാര്‍ത്തോമ്മാ പാരമ്പര്യമുള്ളവരാണ് ചങ്ങനാശേരി പ്രദേശത്തുണ്ടായിരുന്നത്. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള കത്തോലിക്കാര്‍ തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്നായ നിരണം പള്ളിയില്‍ പോയാണ് ആത്മീയ കാര്യങ്ങള്‍ സാധിച്ചിരുന്നത്. ചങ്ങനാശേരിയില്‍ നിന്ന് ഉദ്ദേശം 15 കിലോമീറ്ററിലധികം ദൂരമുണ്ട് നിരണത്തിന് എത്താന്‍. യാത്രാ സൗകര്യങ്ങള്‍ തീര്‍ത്തും കുറവായിരുന്ന അക്കാലത്ത് എത്ര കഷ്ടപ്പെട്ടാകും വിശ്വാസികള്‍ തങ്ങളുടെ കൂദാശാനുഭവ ജീവിതം നയിച്ചിരുന്നതെന്ന് ഊഹിക്കാനാവും.

പിന്നീട് ചങ്ങനാശേരിയില്‍ പള്ളി നിര്‍മിച്ചപ്പോഴാണ് ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരണത്തേക്കു പോകാതായത്. ചങ്ങനാശേരി പള്ളി കഴിഞ്ഞാല്‍ ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളി തുരുത്തിയിലേതാണ്. 1834 ലാണ് തുരുത്തിയില്‍ പള്ളി സ്ഥാപിക്കപ്പെട്ടത്.

കുട്ടനാടിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലമായിരുന്നു കുറെയൊക്കെ തുരുത്തിക്കും. കുട്ടനാടിന്റെ കിഴക്കേ അതിര്‍ത്തിയുടെ ഭാഗമായി തുരുത്തിയെ കണക്കാക്കിയിരുന്നെങ്കിലും തൊട്ടു തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയുമായിട്ടായിരുന്നു തുരുത്തിക്കു കൂടുതല്‍ ബന്ധം. കൃഷിയിലും കച്ചവടത്തിലും ക്രൈസ്തവര്‍ക്കു പ്രത്യേക നൈപുണ്യമാണുണ്ടായിരുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും ഈ കൃഷി-വാണിജ്യ പുരോഗതി ജനജീവിതത്തിലും പ്രതിഫലിച്ചു.

ചങ്ങനാശേരി ഒരു കച്ചവടകേന്ദ്രമെന്ന നിലയില്‍ ഖ്യാതി നേടി. കച്ചവട കേന്ദ്രത്തിലുള്ളവരെ അങ്ങാടിക്കാര്‍ എന്നും കിഴക്ക് കുറുമ്പനാടം, കൂത്രപ്പള്ളി, ഇത്തിത്താനം, തോട്ടയ്ക്കാട്, നെടുങ്കുന്നം എന്നിവിടങ്ങളിലുള്ളവരെയും തുരുത്തിക്കാരെയും കരക്കാര്‍ എന്നു വിളിച്ചുപോന്നു. കരക്കാരില്‍ ഒട്ടുമിക്കവരും മറ്റു സ്ഥലങ്ങളില്‍ നിന്നു കുടിയേറിയവരായിരുന്നതിനാല്‍ അവരെ കുടികളില്‍ നിന്നുള്ളവരെന്നും വിളിച്ചുപോന്നു.

കരക്കാരും അങ്ങാടിക്കാരും തമ്മിലുള്ള കിടമത്സരം ചില ഭിന്നിപ്പുകള്‍ക്കു വഴിതെളിച്ചതായി കാണുന്നു. ആത്മീയകാര്യങ്ങള്‍ അനുഭവിക്കാനുള്ള യാത്രാ ക്ലേശത്തേക്കാള്‍ കഠിനമായിരുന്നു. അങ്ങാടിക്കാരില്‍ നിന്നു കരക്കാര്‍ക്കു നേരിട്ട അവഗണനകള്‍, പൊരുത്തക്കേടുകള്‍ വളര്‍ന്നപ്പോള്‍ അക്കാര്യം അന്നത്തെ കൊടുങ്ങല്ലൂര്‍ രൂപതയുടെ വൈദിക മേലധ്യക്ഷനായിരുന്ന ഗോവര്‍ണദോറിന്റെ ശ്രദ്ധയില്‍ പെടുത്തി. ഒല്ലൂരിലായിരുന്നു അന്ന് ഗോവര്‍ണദോറിന്റെ ആസ്ഥാനം.

1831 ല്‍  മൗറേലിയസ്  സ്തമലീനി എന്ന മെത്രാനില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച് വരാപ്പുഴയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച ബഹുമാനപ്പെട്ട കയ്യാലകത്ത് ഫീവിപ്പോസ് കത്തനാരെ ചങ്ങനാശേരി പള്ളിയില്‍ സഹവികാരിയായി നിയമിച്ചു. കരക്കാരുടെ ന്യായമായ അവകാശങ്ങള്‍ പലതും അവഗണിക്കപ്പെടുന്നതായി ഈ കൊച്ചച്ചനു ബോധ്യമായി. കരക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം തുരുത്തിക്കാരനായ നേര്യംപറമ്പില്‍ കുഞ്ഞുതൊമ്മന്‍ മാപ്പിളയെ വരുത്തി തുരുത്തി ഇരുവേലിക്കുന്നില്‍ ഒരു പള്ളിയുണ്ടാക്കാനുളള ആലോചന തുടങ്ങി.

തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവരുടെ സഹകരണത്തോടെ, കൊടുങ്ങല്ലൂര്‍ രൂപതയുടെയും മലങ്കരയുടെയും ഗോവര്‍ണദാറായ ജോണ്‍ ഡി ഫോര്‍ട്ടോ പെശിയോത്തിനെ സമീപിച്ച് പള്ളിക്കായുള്ള അനുവാദം വാങ്ങാന്‍ തീരുമാനിച്ചു തുരുത്തി നേര്യംപറമ്പില്‍ തൊമ്മന്‍ കുഞ്ഞുതൊമ്മന്‍, പയ്യംപള്ളില്‍ കോര വര്‍ക്കി, കയ്യാലകത്തു പോത്തന്‍ കോര, കുറുമ്പനാടം സ്ഥലവാസികളായ കൊല്ലപ്പറമ്പില്‍ ചെറിയതു ചാക്കോ, പാലാക്കുന്നേല്‍ ഈയ്യോ മാപ്പിള എന്നിവര്‍ ഇക്കാര്യത്തില്‍ കയ്യാലകത്തച്ചന് ഉറച്ച പിന്തുണ നല്‍കി. പതിനഞ്ചു ദിവസം ഗോവര്‍ണദോറുടെ ആസ്ഥാനമായ ഒല്ലൂരില്‍ താമസിച്ചാണ് ഇവര്‍ പള്ളി പണിയുന്നതിനുള്ള അനുവാദം നേടിയെടുത്തത്. ഈ കല്പനയില്‍ അങ്ങാടിക്കാരും കരക്കാരും തമ്മിലുള്ള അനൈക്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പരലോക മാതാവിന്റെ നാമധേരത്തിലുള്ള പള്ളിക്കാണു ഗോവര്‍ണദോര്‍ അനുമതി നല്‍കിയത്.

ദൈവാലയ നിര്‍മിതിക്ക് സഭാധികാരികളുടെ അനുമതി ലഭിച്ചെങ്കിലും സിവില്‍ അധികാരികളുടെ അനുമതികൂടി വേണ്ടിയിരുന്നു. അന്ന് അധികാരിയായിരുന്ന ദളവ ശൂപ്പദേവരായരില്‍ നിന്ന് അനുവാദം നേടിയെടുക്കാന്‍ കരക്കാര്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു.  സൗകര്യവും സ്ഥലലഭ്യതയും കണക്കിലെടുത്ത് ഇരുവേലിക്കുന്നാണ് ദേവാലയ നിര്‍മിതിക്കായി തെരഞ്ഞെടുത്തത്. ഇതിനായി ഈ പ്രദേശത്തെ പ്രമുഖ നായര്‍ തറവാടായ തോട്ടായില്‍ കുടുംബത്തിലെ വലിയ ആശാന്‍ എന്നറിയപ്പെട്ടിരുന്ന രാമക്കുറുപ്പ് കൃഷ്ണക്കുറുപ്പ് അറുപതു സെന്റ് സ്ഥലം നാമമാത്ര പ്രതിഫലം വാങ്ങി ദൈവാലയ നിര്‍മിതിക്കായി വിട്ടു നല്‍കി.

ഉദ്ദേശം എട്ട് ഏക്കറോളം സ്ഥലം സമീപവാസികളില്‍ നിന്നും മറ്റുമായി വാങ്ങി പള്ളിപ്പുരയിടം പിന്നീട് വികസിപ്പിച്ചു തുരുത്തിയിലെ ഇതരപ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന നിന്ന ഈ ഭൂപ്രദേശം പാറയും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു. ശ്രമദാനത്തിലൂടെയാണ് ഈ സ്ഥലം ദൈവാലയ നിര്‍മിതിക്ക് അനുയോജ്യമാക്കിയെടുത്തത്.

നിത്യകുര്‍ബാനയ്ക്കു സംഭാവനയായി ഇടവകക്കാരില്‍ നിന്നു ലഭിച്ച ഏതാനും ഏക്കര്‍ നിലവും പള്ളിയുടെ പേരിലുണ്ടായിരുന്നു. പിന്നീട് പള്ളിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി അതു വിറ്റു കയ്യാലകത്ത് അച്ചന്‍ദാനമായി നല്‍കിയ പുരയിടത്തിലാണ്. ഇപ്പോള്‍ ഷോപ്പിംഗ് കോംപ്ലക്‌സും പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്നത്. തുരുത്തി പള്ളിയുടെ സാമ്പത്തിക ആസ്തികളില്‍ പ്രധാനമാണ് ഈ സ്ഥലം. 

എഡി 1834 ഓഗസ്റ്റ് 15 ന് പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളില്‍, കൊല്ലവര്‍ഷം 1000 ചിങ്ങമാസം 17-ാം തീയതി സെന്റ് മേരീസ് ദേവാലയത്തിനു മൂലശില പാകി. വടയാറ്റു പള്ളി വികാരി പുല്ലാട്ട് ഇട്ടയേപ്പ് കത്താനാര്‍, തുരുത്തിപ്പള്ളി ഇടവകക്കാരന്‍ കയ്യാലകത്ത് പീലിപ്പോസ് കത്തനാര്‍, കുറവിലങ്ങാട്ട് ഇടവകക്കാരന്‍ വലിയവീട്ടില്‍ മാണിക്കത്തനാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരലോകമാതാവിന്റെ നാമധേയത്തിലുള്ള പള്ളിക്കു ശിലാസ്ഥാപനം നടത്തിയത്. അതേവര്‍ഷം തുലാമാസം എട്ടാം തീയതി ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ചതായും കയ്യാലകത്തച്ചന്റെ ഡയറികുറിപ്പില്‍ പറയുന്നു. വലിയ ആത്മീയ ഔസ്തുക്യത്തോടുകൂടിയാണ് ഈ പുണ്യദിനം കൊണ്ടാടിയത്. പള്ളിയില്‍ നിന്നുള്ള മണിനാദം, വാദ്യമേളം, വെടിയൊച്ച എന്നിവ അങ്ങാടിയിലും പ്രതിധ്വനിച്ചു. തുരുത്തിയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ ദേവാലയം വലിയ അനുഗ്രഹമായി. കയ്യാലകത്ത് പീലിപ്പോസ് കത്തനാരുടെ ഡയറിക്കുറിപ്പുകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

നെടുങ്കുന്നം കുരിശുപള്ളി അതില്‍കൂടി നടന്നുവരും ആറു കരകളായ നെടുങ്കുന്നം, ചമ്പക്കര, പാമ്പാടി, കങ്ങഴ, പനയമ്പാല, കൂത്രപ്പള്ളി കൂടാതെ കുറുമ്പനാടം, മാടപ്പള്ളി, ഇത്തിത്താനം, പാത്താമുട്ടം, വാകത്താനം, പെരുന്താനി, തുരുത്തി കുമരങ്കരി-വാടലി, വാഴപ്പള്ളി, കുറിച്ചി, ഈര തുടജങ്ങി 11 മുറികളിലുമുള്ളവരാണ് തുരുത്തി പള്ളിയുമായി ബന്ധപ്പെട്ടിരുന്നതെന്നു കയ്യാലകത്തച്ചന്റെ കണക്കുകളില്‍ കാണുന്നു. ഓരോ കരയിലെയും പുരുഷ, സ്ത്രീ അംഗങ്ങളുടെ എണ്ണവും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. കയ്യാലകത്തു ബഹു. പീലിപ്പോസ് കത്തനാരെ തുരുത്തി പള്ളിയുടെ വികാരിയായി ഗോവര്‍ണദോര്‍ നിയമിച്ചു. കയ്യാലകത്തച്ചന്റെ പ്രത്യേക അപേക്ഷ പ്രകാരം തൈക്കളത്തില്‍ ബഹു. തോമ്മോ കത്തനാരെ തുരുത്തി ഇടവകയില്‍ ചേര്‍ക്കുകയും, ഇടവകയുടെ സഹവികാരിയായി നിയമിക്കുകയും ചെയ്തു. പള്ളിയുടെ പണി പൂര്‍ത്തിയാക്കാന്‍ കാലത്താമസം മുന്നില്‍ക്കണ്ട് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലാണു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

1883 ജൂലൈ പത്തിന് ഇറ്റലിയിലെ അരേസ്യയില്‍ വച്ചായിരുന്നു കയ്യാലകത്തു പീലിപ്പോസച്ചന്റെ മരണം. മൃതദേഹം അവിടെത്തന്നെ സംസ്‌കരിച്ചു. പില്‍ക്കാലത്ത് ഒരു സ്മാരക ശിലാഫലകം തുരുത്തിപ്പള്ളിയുടെ ഹൈക്കലയുടെ വടക്കുഭാഗത്ത് അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ പിതാവ് ആശീര്‍വദിച്ചു സ്ഥാപിക്കുകയുണ്ടായി.

ഇരുവേലിക്കുന്നിനു വടക്കുഭാഗം കുറ്റിക്കാടുകളും കരിങ്കല്ലും നിറഞ്ഞ പ്രദേശമായിരുന്നു. അതുകൊണ്ടുതന്നെ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ആലഞ്ചേരി പാപ്പി എന്ന മാന്യദേഹമാണ് ഇപ്പോഴത്തെ മഠത്തിനു സമീപത്തേക്കുള്ള റോഡ് പണി നടത്തിയത്. പാപ്പി റോഡ് എന്ന പേരില്‍ ഈ റോഡ് പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നു.

പള്ളിയുടെ തെക്കുഭാഗത്തായിരുന്നു ആദ്യ സെമിത്തേരി സ്ഥിതി ചെയ്തിരുന്നത്. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയും തിരുക്കര്‍മ്മങ്ങള്‍ക്കു കൂടുതല്‍ സൗകര്യം വേണ്ടി വരുകയും ചെയ്തപ്പോള്‍ സെമിത്തരി മാറ്റി സ്ഥാപിച്ചു. പള്ളിവാതുക്കല്‍ പുരയിടം വാങ്ങി 1934 ല്‍ പള്ളി ശതാബ്ദി സ്മാരകമായി അന്നു വികാരിയായിരുന്ന ആലഞ്ചേരിയില്‍ ബഹുമാനപ്പെട്ട വര്‍ഗീസച്ചന്റെ നേതൃത്വത്തിലായിരുന്നു സെമിത്തേരി ചാപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഴയ സെമിത്തേരി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു ഫലകം സ്ഥാപിച്ചിട്ടുണ്ട്. 2001 മുതല്‍ വികാരിയായിരുന്ന റവ. ഫാ. ജോസഫ് കാലായിലച്ചന്റെ കാലത്തു പൊതു കല്ലറകളോടുകൂടിയ മനോഹരമായ സെമിത്തേരിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ബഹു. എബ്രഹാം കാടാത്തുകളത്തിലച്ചന്‍ വികാരിയായിരുന്നപ്പോള്‍ പൊതുക്കല്ലറകളുടെ രണ്ടാംഘട്ട നിര്‍മ്മാണവും ബഹു ഗ്രിഗറി ഓണംകുളത്തച്ചന്‍ വികാരിയായിരുന്നപ്പോള്‍ മൂന്നാംഘട്ട നിര്‍മ്മാണവും പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ ചാപ്പല്‍ ലില്ലിക്കുട്ടി മാത്യു പാലാത്രയുടെ സ്മരണയ്ക്കായി പാലാത്ര കുടുംബം സ്‌പോര്‍സര്‍ ചെയ്തിട്ടുള്ളതാണ്.

ദിവ്യകാരുണ്യ ആരാധന സന്യാസിനീസഭാ സ്ഥാപകനായ അഭിവന്ദ്യ തോമസ് കുര്യാളശ്ശേരി പിതാവിനോടൊപ്പം സഭാ സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ച റവ. സിസ്റ്റര്‍ മേരി ഷന്താളിന്റെ നേതൃത്വത്തിലാണ് തുരുത്തിയില്‍ ആരാധനാ മഠം സ്ഥാപിച്ചത്. അന്നു വികാരിയായിരുന്ന നേര്യംപറമ്പില്‍ ബഹുമാനപ്പെട്ട തോമ്മാച്ചനച്ചന്റെ നിര്‍ലോപമായ സഹകരണം ഇക്കാര്യത്തിലുണ്ടായി. ഇടവകയുടെ ആത്മീയോത്കര്‍ഷത്തിന് ആരാധനാ മഠം നിസ്തുല സേവനമാണു നല്‍കിപ്പോരുന്നത്. ദിവ്യകാരുണ്യ ആരാധനാ സഭയുടെ രണ്ടാമത്തെ ഭവനമാണ് തുരുത്തിയിലേത്. 1917 ഫെബ്രുവരി രണ്ടിനാണ് മഠം ഇവിടെ സ്ഥാപിതമായത്. മഠം സ്ഥാപിക്കാനുള്ള സ്ഥലം വാങ്ങാനായി ഇടവകക്കാര്‍ ആയിരം രൂപ സംഭാവന നല്‍കി. തുരുത്തി ആരാധനാമഠത്തിന്റെ പ്രഥമ ശ്രേഷ്ഠത്തിയായി ബഹുമാനപ്പെട്ട ഷന്താളമ്മയെ അഭിവന്ദ്യ കുര്യാളശ്ശേരി പിതാവ് നിയോഗിക്കുകയും ചെയ്തു.

സെന്റ് തോമസ് എല്‍.പി. സ്‌കൂള്‍

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്നായി സ്വീകരിച്ചിരുന്ന ആരാധനാ സന്യാസ സമൂഹത്തിന് 1936 ല്‍ സ്ഥാപിതമായ സെന്റ് തോമസ് എല്‍.പി.സ്‌കൂളിന്റെ നടത്തിപ്പ് പള്ളിക്കാര്‍ പൂര്‍ണമായി വിട്ടുകൊടുത്തു. ഈ സ്‌കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപിക സിസ്റ്റര്‍ സ്‌കൊളാസ്റ്റക്കാ നേര്യംപറമ്പില്‍ സി.എം.സി. ആയിരുന്നു. സന്യാസിനികളുടെ താമസത്തിനു കൂടുതല്‍ സ്ഥലം ആവശ്യമായി വന്നതിനാല്‍ പുതുതായി ഒരു കെട്ടിടവും കപ്പേളയും പണിയാന്‍ തുടങ്ങി. 1924 ഫെബ്രുവരി 11 ന് അഭിവന്ദ്യ കുര്യാളശ്ശേരി പിതാവ് ഇതിന്റെ വെഞ്ചരിപ്പു കര്‍മം നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് വിവിധ വികസന പദ്ധതികള്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ നടപ്പാക്കി. സ്‌കൂള്‍ ഓഫീസും കംപ്യൂട്ടര്‍ റൂമും കൂടാതെ കാവിത്താഴെ കുടുംബം സ്‌പോണ്‍സര്‍ ചെയ്ത മനോഹരമായ പ്രവേശന കവാടവും നിര്‍മ്മിച്ചു. തുരുത്തിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേരുടെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്‌കൂളിലായിരുന്നു. ഈ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പലരും ഇന്നും സമൂഹത്തിലെ ഉയര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

മതബോധന രംഗം

വിശ്വാസ പരിശീശീലനത്തിന് ഇടവക ഏറെ പ്രാധാന്യം നല്‍കിപ്പോന്നു. ഇപ്പോഴുള്ള കല്‍ക്കുരിശിനു തെക്കുഭാഗത്തുണ്ടായിരുന്ന ചെറിയൊരു കെട്ടിടത്തില്‍ ആദ്യകാലങ്ങളില്‍ മതബോധനം നടന്നുവന്നു. ദളിത് ക്രൈസ്തവരുടെ വിശ്വാസപരിശീലനത്തിനായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനു നേതൃത്വം കൊടുത്തിരുന്നത് വഴിയിലായ കുന്നത്ത് ദേവസ്യാ, കുന്നത്ത് കെ.എ. പോത്തന്‍ എന്നിവരായിരുന്നു. 1923 മുതല്‍ ഈ ഇടവകയില്‍ പ്രവര്‍ത്തിച്ചുപോന്ന ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയിലെ അംഗങ്ങളായിരുന്നു. ഈ ഇടവകയിലെ ആദ്യ സണ്‍ഡേ സ്കൂൾ  അദ്ധ്യാപകര്‍ മൂന്നാം സഭാംഗങ്ങളായിരുന്ന കെ.എ. പോത്തന്‍ കുന്നത്ത്, വഴിയിലായ കുന്നത്ത് ഫിലിപ്പ്, ചക്യായില്‍ കുട്ടിച്ചേട്ടന്‍, ആലഞ്ചേരിയില്‍ ഉണ്ണിസാര്‍ എന്നിവര്‍ ആദ്യകാല മതബോധനരംഗത്ത് നിസ്തുലമായ സേവനം അനുഷ്ഠിച്ചവരാണ്. പഴയപള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള മോണ്ടളത്തിലും പിന്നീടു വൈദിക മന്ദിരത്തോടു ചേര്‍ന്നുള്ള വരാന്തയിലുമായിരുന്നു മതബോധന ക്ലാസുകള്‍ നടത്തിവന്നത്.

സന്ദേശനിലയം സ്ഥാപിതമായതോടെ അതിരൂപതയില്‍ സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കെട്ടുറപ്പും ക്രമീകരണവും വന്നു. അതനുസരിച്ച് പരിശീലനം സിദ്ധിച്ച മതാദ്ധ്യാപകരുടെ നേതൃത്വത്തില്‍ മതബോധന ക്ലാസുകള്‍ തുരുത്തിയിലും നടന്നുവരുന്നു.

സെന്റ് മേരീസ് യുപി സ്‌കൂള്‍

ദീര്‍ഘകാലം തുരുത്തി ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ച തലോടില്‍ ബഹു. ജോണച്ചനും, അസി.വികാരി ബഹു ജോസഫ് മേപ്രക്കരോട്ടച്ചനും നേതൃത്വം നല്‍കി സണ്‍ഡേ സ്‌കൂളിനായി ഒരു കെട്ടിടം ദൈവാലയത്തിനടുത്ത് 1946 ല്‍ പണിതീര്‍ത്തു. ഇടവകക്കാരുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചതുകൊണ്ടു വേഗത്തില്‍ പണിതീര്‍ക്കാന്‍ സാധിച്ചു. പള്ളിക്കു പടിഞ്ഞാറുഭാഗത്തു പാറനിറഞ്ഞ പ്രദേശം ”പളളിപ്പാറ” എന്ന പേരിലറിയപ്പെട്ടിരുന്നു. ഈ പാറ പൊട്ടിച്ച് നിര്‍മ്മാണത്തിന്റെ പ്രഥമികാവശ്യങ്ങള്‍ക്കുവേണ്ട കല്ലു മുഴുവന്‍  ശ്രമദാനമായി ഇടവകക്കാര്‍ പണി സ്ഥലത്തെത്തിച്ചു. 1946 ല്‍ പണിതീര്‍ത്ത പ്രസ്തുത സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിലാണ് ഇപ്പോള്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

മാര്‍ ജെയിംസ് കാളാശേരി പിതാവിന്റെ താത്പര്യപ്രകാരം ഇടവകജനങ്ങള്‍ പള്ളിയുടെ മാനേജ്‌മെന്റില്‍ അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകള്‍ ഉള്ള ഒരു കേംബ്രിഡ്ജ് സ്‌കൂള്‍ ഗവണ്‍മെന്റ് അംഗീകാരത്തോടെ ആരംഭിച്ചിരുന്നു. റവ. സിസ്റ്റര്‍ പ്രോത്താസിയ പൊടിപാറ എസ്എബിഎസ് ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. പില്‍ക്കാലത്ത് അത് ഗവണ്‍മെന്റ് എയ്ഡഡ് യുപി സ്‌കൂളായി മാറി. അധ്യാപകരുടെയും രക്ഷാകര്‍ത്തു സംഘടനയുടെയും സഹകരണത്തോടെ യുപി സ്‌കൂളിന് ഓപ്പണ്‍ എയര്‍ സ്റ്റേജും ഓഫീസും പഴയ സ്‌കൂള്‍ കെട്ടിടത്തോടു ചേര്‍ന്നു രണ്ട് ക്ലാസ് മുറികളും നിര്‍മ്മിച്ചു. റവ. സിസ്റ്റര്‍ ജോര്‍ജ് മരിയ എസ്.എ.ബി.എസ്. ആയിരുന്നു ഈ കാലഘട്ടത്തില്‍ പ്രഥമാധ്യാപിക.

വൈദിക മന്ദിര നിര്‍മ്മാണം

1898 ലാണ് വൈദികര്‍ക്കു താമസിക്കുവാന്‍ കിഴക്കുപടിഞ്ഞാറായി ഒരു വൈദികമന്ദിരം പണിതത്. അതിനു മുന്‍പ് പഴയ പള്ളിയോടു ചേര്‍ന്നുള്ള രണ്ടാംനിലപോലുള്ള എടുപ്പിലാണ് വൈദികള്‍ താമസിച്ചിരുന്നത്. അതിനു തൊട്ടുമുന്‍വശത്തായിട്ടുള്ള കെട്ടിയടച്ച വരാന്തയില്‍ പള്ളി ആഫീസും പ്രവര്‍ത്തിപൊന്നു. പുതിയ പള്ളിമേടയുടെ നിര്‍മ്മാണത്തിനു നേതൃത്വം കൊടുത്തതു മുള്ളങ്കുഴി ബഹു ഫ്രാന്‍സിസച്ചനായിരുന്നു.

കുരിശുപള്ളി

എം.സി. റോഡിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തിയ വേളയില്‍ ദൈവാലയത്തിനു കിഴക്ക് റോഡിനു അഭിമുഖമായി ഒരു കുരിശുപള്ളി വേണമെന്നും കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും അനുഗ്രഹദായകമായ വിധത്തില്‍ ‘മിഖാലേയല്‍ റേശ്’ മാലാഖയുടെ രൂപം അവിടെ സ്ഥാപിക്കണമെന്നും ഇടവകജനം ആഗ്രഹിച്ചു. അപ്രകാരം പള്ളിയുടെ കിഴക്കുഭാഗത്ത് എംസി റോഡിനോട് ചേര്‍ന്ന് കുരിശുപള്ളി സ്ഥാപിച്ചു. ആഘോഷവേളകളില്‍ കുരിശുപള്ളിയുടെ നടകളില്‍ നിലവിളക്കുകള്‍ കത്തിച്ചു ദീപാലംകൃതമാക്കാറുണ്ട്. ഹൈന്ദവ സഹോദരങ്ങളും ഈ കുരിശടിയില്‍ നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചുവരുന്നു.

കല്‍ക്കുരിശ്

ദൈവാലയത്തിനു താഴെ കല്‍ക്കുരിശ് അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രം കാണുന്ന ഒന്നാണ്. മുഖ്യമായും പഴക്കമുള്ള ദൈവാലയങ്ങളോടു ബന്ധപ്പെട്ടാണ് കല്‍കുരിശു കാണുക. തുരുത്തി ദൈവാലയ സ്ഥാപനത്തെത്തുടര്‍ന്ന് അധികം താമസിയാതെ ഈ കുരിശ് നിര്‍മ്മിച്ചതായി കരുതപ്പെടുന്നു. വളരെ ഭാരവും നല്ല ഉയരവുമുള്ള ഈ കല്‍ക്കുരിശ് മനുഷ്യപ്രയത്‌നംകൊണ്ടു മാത്രമാണ് അക്കാലത്ത് ഉയര്‍ത്തി സ്ഥാപിച്ചത്.

ദൈവാലയ പുനര്‍ നിര്‍മ്മിതി

ഇടവകയിലെ പഴയപള്ളിയുടെ സൗകര്യക്കുറവും ഇടവകാംഗങ്ങളുടെ വര്‍ധനയും കണക്കിലെടുത്തു ദൈവാലയം പുതുക്കിപ്പണിയണമെന്ന ആവശ്യം ഇടവകാംഗങ്ങള്‍ ഉയര്‍ത്തിയതിനെതുടര്‍ന്ന് 1943 ഡിസംബര്‍ 8-ാം തീയതി കാളാശേരില്‍ മാര്‍ ജയിംസ് മെത്രാന്‍ ഇപ്പോഴത്തെ ദൈവാലയത്തിനു തറക്കല്ലിട്ടു. ബഹു. പോരൂക്കര തോമസച്ചന്‍, ബഹു. തലോടില്‍ ജോണച്ചന്‍ എന്നീ വികാരിമാരുടെ കാലത്തു ഭാഗികമായി പണികള്‍ നടന്നുവെങ്കിലും ബഹു. ജോസഫ് കുറുങ്കാട്ടു മൂലയില്‍ അച്ചന്റെ കാലത്താണ് പള്ളിപണി സജീവമായത്. 1960 മുതല്‍ 1964 വരെ വികാരിയായിരുന്ന റവ.ഫാ. മാത്യു കളപ്പുരയും ദൈവാലയ നിര്‍മ്മിതിക്കു സമര്‍ഥമായ നേതൃത്വം നല്‍കി. തൂണുകള്‍ കൊടുക്കാതെയും സ്ഥലം നഷ്ടപ്പെടുത്താതെയുമുള്ള നിര്‍മ്മാണരീതി ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ളതായിരുന്നു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു നേര്യംപറമ്പില്‍ (പുത്തന്‍പീടികയില്‍)ജോസഫ് ചെറിയാന്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ മേല്‍നോട്ടം വഹിച്ചു.  പ്ലാന്‍, തൂണുകളില്ലാതെ വിശാലമായി നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ എന്നിവയൊക്കെ ഏകോപിപ്പിച്ചത് അദ്ദേഹമായിരുന്നു. 1955 ഓഗസ്റ്റ് 15 ന് മാര്‍ മാത്യു കാവുകാട്ടു പിതാവ് പുതിയ ദൈവാലയം കൂദാശ ചെയ്തു.

പുതുതായി പണിതീര്‍ത്ത ദൈവാലയത്തിനു അള്‍ത്താര സംഭാവന ചെയ്തതു തുരുത്തി ഇടവകക്കാരനായ ആലഞ്ചേരില്‍ ബഹു ഈപ്പച്ചന്‍ അച്ചനാണ്. 1964-69 കാലത്ത് വികാരിയായിരുന്ന ഫാ. ജേക്കബ് എര്‍ത്തയില്‍ സൈഡ് അള്‍ത്താരയും അനുബന്ധ വികസനപ്രവര്‍ത്തനങ്ങളും നടത്തി. ഇപ്പോള്‍ ഈ അള്‍ത്താര വികാരി ബഹു. ഗ്രിഗറി ഓണംകുളം അച്ചന്റെ നേതൃത്വത്തില്‍ നവീകരിച്ചു വി. കുര്‍ബാന അര്‍പ്പിക്കുന്നു.

1987 റവ. ഫാ. ജോസഫ് പുത്തന്‍പുരയുടെ കാലത്തു ദൈവാലയത്തിന്റെ മുഖവാരവും മണിമാളികയും നിര്‍മ്മിച്ചു. എം.സി. റോഡില്‍ നിന്നു നേരിട്ടു പള്ളിയിലേക്കുള്ള റോഡ് നിര്‍മ്മിച്ചതും ബഹു. പുത്തന്‍പുരയിലച്ചന്റെ കാലത്താണ്. മോണ്ടളത്തിന്റെ നിര്‍മ്മാണവും അക്കാലത്താണ് നടന്നത്.

സഭാതനയന്‍

തുരുത്തി ഇടവകാംഗമായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി 1997 ല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി അദ്ദേഹം പിന്നീട് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ തിരുസംഘത്തിലും അംഗമാക്കി. കര്‍ദ്ദിനാളിന് ഇടവകയില്‍ വന്‍ സ്വീകരണം നല്‍കി. തുരുത്തി പള്ളിയില്‍ നിന്ന് ആത്മീയ പോഷണം ലഭിച്ച ബാല്യകാലം കര്‍ദ്ദിനാള്‍ ആ ചടങ്ങില്‍ അനുസ്മരിച്ചു.

തിരുസഭാ ചരിത്രകാരനായ റവ. ഫാ. ബര്‍ണാര്‍ദ് ആലഞ്ചേരി ടിസിഡി, തിരുവനന്തപുരം മലങ്കര അതിരൂപതാ വികാരി ജനറാളും അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മോണ്‍ സി.റ്റി.കുരുവിള ചക്യായില്‍, ദീപിക ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, എസ്.ബി.കോളേജ് പ്രിന്‍സിപ്പല്‍, കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ച റവ. ഫാ. വില്യം നേര്യംപറമ്പില്‍ സിഎംഐ മലബാറിലെ കുടിയേറ്റ മേഖലയിലും തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളിലും നിസ്തുല സംഭാവന നല്‍കിയ റവ. ഫാ. ജെ.കെ. തയ്യില്‍ എസ്.ജെ. അതിരൂപത ചാന്‍സലറും വടവാതൂര്‍ സെമിനാരിയുടെ പ്രഥമ പ്രൊക്കുറേറ്ററും ആയിരുന്ന റവ. ഫാ. ലൂയിസ് നേര്യംപറമ്പില്‍ തുടങ്ങിയ പ്രഗത്ഭ വൈദികരും ഈ ഇടവകയുടെ സന്താനങ്ങളായിരുന്നു.

തിരുനാളുകള്‍

ദൈവാലയ സ്ഥാപനത്തെത്തുടര്‍ന്ന് രാമപുരം സ്വദേശിയായിരുന്ന അന്നത്തെ വികാരി രാമപുരം പള്ളിയില്‍ മാത്രം അക്കാലത്ത് ആചരിച്ചുപോന്ന വി.ആഗസ്തിയോസിന്റെ തിരുനാളും വിശുദ്ധന്റെ പേരിലുള്ള ദര്‍ശനസമൂഹവും തുരുത്തി ഇടവകയില്‍ 1873 ല്‍ തുടങ്ങാന്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ലിയോനാര്‍ദ് മെല്ലാനോയില്‍നിന്ന് അനുവാദം വാങ്ങി ആ വര്‍ഷം മുതല്‍ ആഗസ്റ്റ് 28ന് രാമപുരം പള്ളിയിലെന്നപോലെ തുരുത്തിയിലും കൊമ്പേരിയ (ദര്‍ശന) സമൂഹത്തിന്റെ നേതൃത്വത്തിലാണ് പ്രസ്തുത തിരുനാള്‍ ചടങ്ങുകള്‍ നടക്കുന്നത്. ദര്‍ശന തിരുനാളായി ആചരിച്ചുപോന്ന വി.ആഗസ്തീനോസിന്റെ തിരുനാളും ‘വെച്ചൂട്ടു പെരുന്നാള്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന വി. ഗീവര്‍ഗീന്റെ തിരുനാളുമായിരുന്നു തുരുത്തി ഇടവകയിലെ മുഖ്യതിരുനാളുകള്‍. കുറുമ്പനാടം, തോട്ടയ്ക്കാട്, വടക്കേക്കര, ഇത്തിത്താനം, പൊടിപ്പാറ, കുറിച്ചി, ഈര, കുമരങ്കരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ വന്നെത്തി തിരുനാള്‍ ചടങ്ങുകളില്‍ ആദ്യന്തം സംബന്ധിച്ചിരുന്നു.

നമ്മുടെ സഭാപിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മത്തിരുനാള്‍ എല്ലാ വര്‍ഷവും ജൂലൈ മൂന്നാം തീയതി സമുചിതമായി ആചരിച്ചുവരുന്നു. തിരുനാളിനോടനുബന്ധിച്ച് പാച്ചോര്‍ നേര്‍ച്ചയും നടന്നുവരുന്നു. കഴിഞ്ഞ 120 വര്‍ഷമായി തോമസ് എന്ന ജ്ഞാനസ്‌നാന പേരുകാരനായ നേര്യംപറമ്പില്‍ ബഹു. വില്യമച്ചന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബക്കാരാണു പാച്ചോര്‍ നേര്‍ച്ച നടത്തുന്നത്. വിശുദ്ധ യൗസേപ്പുപിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ചും ഊട്ടു നേര്‍ച്ച നടത്തുന്നു.

സ്വതന്ത്ര ഇടവകകള്‍

ഈ ഇടവകയുടെ ഭാഗമായിരുന്ന മറ്റു പല കരക്കാരും പിന്നീട് സ്വതന്ത്ര ഇടവകകളായി മാറി കുറുമ്പനാടം ഇടവകയാണ് ഇത്തരത്തില്‍ ആദ്യം രൂപംകൊണ്ടത്-1837 ല്‍ 1920 ല്‍ ഇത്തിത്താനം കേന്ദ്രമായി സെന്റ് മേരീസ് ദേവാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

1924 മെയ് 27-ന് ഇത്തിത്താനം സ്വതന്ത്ര ഇടവകയായി. 1951-ല്‍ പൊടിപ്പാറ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 1954 ലാണു കുമരങ്കരി സ്വതന്ത്ര ഇടവകയായത്. 1956 സെപ്റ്റംബര്‍ ഒന്നിന് ഈരയില്‍ ലൂര്‍ദ് മാതാവിന്റെ നാമധേയത്തില്‍ പുതിയ ദൈവാലയം കൂദാശ ചെയ്തു. 1978 ഒക്‌ടോബര്‍ പത്തിനു കുറിച്ചി (ശാന്തിഗിരി പള്ളി) സ്വതന്ത്ര ഇടവകയായി. 2010 നവംബര്‍ 16ന് യൂദാപുരം പള്ളി സ്വതന്ത്ര ഇടവകയായി മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. റവ.ഡോ. ജോസ് ആലഞ്ചേരി ഇടവക രൂപവത്ക്കരണത്തിനു നേതൃത്വം നല്‍കി.

തുരുത്തി ഇടവകയും ഗവണ്‍മെന്റ് എല്‍പി സ്‌കൂളും

തുരുത്തി ഇടവകയുടെ പരിധിയില്‍പെടുന്നതാണ് ഇപ്പോള്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളായി പ്രവര്‍ത്തിക്കുന്ന സ്ഥലം. പള്ളിക്കാര്യത്തില്‍ നിന്നാണ് ഈ സ്ഥലംത്തിനു കരമടയ്ക്കുന്നത്. ആധാരത്തില്‍ ഇക്കാര്യം വ്യക്തമാണ്. തുരുത്തി ഇടവകയിലെ പൂര്‍വ്വികര്‍ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിക്കു കിഴക്കുവശത്തു കെട്ടിടം പണിത് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അധ്യാപര്‍ക്കു പ്രതിമാസ ശമ്പളം കൊടുക്കാനുള്ള സാമ്പത്തിക പരാധീനതമൂലം സ്‌കൂള്‍ നടത്തിപ്പ് സര്‍ക്കാരിനു നല്‍കുകയായിരുന്നു.

1910 ലാണു പള്ളിവക സ്‌കൂള്‍ കെട്ടിടം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ നടത്തുന്നതിനായി സര്‍ക്കാരിലേക്ക് എഴുതികൊടുത്തത്. സ്‌കൂള്‍ കെട്ടിടം മാത്രം വിദ്യാഭ്യാസാവശ്യത്തിനായി വിട്ടുനല്‍കുന്നു എന്ന് ആധാരത്തില്‍ എഴുതിച്ചേര്‍ത്ത നമ്മുടെ പൂര്‍വികരുടെ ദീര്‍ഘവീക്ഷണം ശ്ലാഘനീയമാണ്. സണ്‍ഡേസ്‌കൂള്‍ ആവശ്യത്തിലേക്കായി പള്ളി വക സ്‌കൂള്‍ ഉണ്ടാകുന്നതുവരെ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇടവക ഉപയോഗിച്ചിരുന്നതായി ഇടവക രേഖകളില്‍ നിന്നു വ്യക്തമാകുന്നുണ്ട്.

തുരുത്തി ദേവാലയത്തിനു സ്വന്തമായിരുന്ന സ്ഥലം സ്‌കൂള്‍ കെട്ടിടത്തോടൊപ്പം ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലേക്കു കൈമാറാതിരുന്നതിനാലാണു സര്‍ക്കാരിലേക്കുള്ള കരം പള്ളിക്കാര്യത്തില്‍നിന്നും നല്‍കാനിടയായത്.

1939 ല്‍ ഫാ. സഖറിയാസ് പുന്നാപാടത്തിന്റെ ശ്രമങ്ങളുടെ ഫലമായി തുരുത്തിക്കാരുടെ തപാല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി പള്ളിമേടയുടെ കിഴക്കുഭാഗത്ത് ഒരു അഞ്ചല്‍പെട്ടി സ്ഥാപിതമായി. 1969-72 ല്‍ ഫാ. മാത്യു പള്ളിപ്പുറത്തുശ്ശേരിയുടെ കാലത്ത് പള്ളി വക കെട്ടിടത്തില്‍തന്നെ തുരുത്തി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

1977-78 ല്‍ ഫാ. സെബാസ്റ്റ്യന്‍ പഴയചിറയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖ പള്ളി വക കെട്ടിടത്തില്‍ സ്ഥാപിതമായി. സ്റ്റേറ്റ് ബാങ്ക് ആദ്യം ആരംഭിച്ചത് അന്ന് വികാരിയായിരുന്ന പഴയചിറയച്ചന്‍ താമസിച്ചിരുന്ന മുറിയില്‍ തന്നെയാണ്. പിന്നീടാണു കെട്ടിടം നിര്‍മ്മിച്ച് ബാങ്ക് അങ്ങോട്ടു മാറിയത്. ഈ സ്ഥലം തുരുത്തിപ്പള്ളിയുടെ പ്രഥമ വികാരിയായിരുന്ന കയ്യാലകത്ത് പീലിപ്പോസ് കത്തനാര്‍ ദാനമായി നല്‍കിയിട്ടുള്ളതാണ്. 1975 ല്‍ ബഹു ജെയിംസ് വെട്ടുകാട്ട് അച്ചന്റെയും ബഹു മാത്യു പുഞ്ചയിലച്ചന്റെയും നേതൃത്വത്തില്‍ പള്ളിപ്പാറ പൊട്ടിച്ച് ഇന്നത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടിനു രൂപം നല്‍കി.

1994 ല്‍ തുരുത്തി സെന്റ് മേരീസ് പള്ളിയുടെ അതിര്‍ത്തിയില്‍ എം.സി. റോഡിനോടു ചേര്‍ന്നു റവ. ഡോ. ജോസ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കുടുംബക്ഷേമ പ്രവര്‍ത്തകരുടെ ദേശീയ പരിശീലന കേന്ദ്രമായ ‘കാന’ തുടങ്ങി. 1997 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫാമിലി ലൈഫ് പ്രമോഷന്‍ കാനായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു ജോസച്ചന്റെ ഭാവനാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും അക്ഷീണ പരിശ്രമവും ഏറെ സഹായകമായി വൈദികരും സന്യസ്തരും അല്മായരും ഇവിടെ പഠനവും പരിശീലനവും നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതമായി കുടുംബജീവിതത്തിന്റെ സുസ്ഥിതിക്കും യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മാനസികവും ആദ്ധ്യാത്മികവുമായ വളര്‍ച്ചയ്ക്കും ആവശ്യമായ പദ്ധതികളാണ് ഈ കേന്ദ്രം ഏറ്റെടുത്ത് നടത്തുന്നത്.

മാതാ ഓഡിറ്റോറിയം

1995-98 ലാണു വൈദികമന്ദിരത്തിനു പടിഞ്ഞാറു ഭാഗത്തായി മാതാ ഓഡിറ്റോറിയം പണിതീര്‍ത്തത്. ഫാ. ജേക്കബ് നെല്ലിക്കുന്നത്ത്, ഫാ. ജി.റ്റി. ഊന്നുകല്ലില്‍, ഫാ. സേവ്യര്‍ പെരുമ്പുഴ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേതൃത്വം നല്‍കി. 2009 ല്‍ പള്ളിയുടെ വികാരിയായി നിയമിതനായ റവ.ഡോ. ജോസഫ് മുണ്ടകത്തിന്റെ നേതൃത്വത്തില്‍ മാതാ പാരീഷ് ഹാളിനോട് ചേര്‍ന്ന് ഒരു മിനി ഓഡിറ്റോറിയം നിര്‍മ്മിച്ചു.

ദൈവാലയം നവീകരണം

2006 ഫെബ്രുവരിയിലാണ് പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങല്‍ ബഹു ജോസഫ് കാലായിലച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഒക്‌ടോബര്‍ പത്തിന് ദൈവാലയത്തിന്റെ പുനഃപ്രതിഷ്ഠ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു. 2008 ല്‍ ഇടവകയുടെ 175-ാം വാര്‍ഷികം ആഘോഷിച്ചു. 2008 ഓഗസ്റ്റ് 28 നാണ് ജൂബിലി സ്മാരകമായി നിര്‍മ്മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പ് നടന്നത്. ഇതേവര്‍ഷം തന്നെ സെമിത്തേരിയില്‍ പൊതുകല്ലറകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 

2011 ഡിസംബര്‍ 28 നായിരുന്നു വികാരി ഫാ. എബ്രഹാം കാടാത്തുകളത്തിന്റെ നേതൃത്വത്തില്‍ വൈദിക മന്ദിരത്തോടു ചേര്‍ന്നു നിര്‍മ്മിച്ച അതിഥി മന്ദിരത്തിന്റെയും മീഡിയാ റൂമിന്റേയും ഉദ്ഘാടനം.

2012 ല്‍ പള്ളിയുടെ ഉള്‍ഭാഗത്ത് സീലിംഗ് ഇടുകയും ഇരുവശങ്ങളിലും ഷീറ്റിട്ട് സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2014 ല്‍ പള്ളിയുടെ ചുറ്റുപാടും ഇന്റര്‍ലോക്ക് ബ്രിക്‌സ് നിരത്തി മനോഹരമാക്കുകയും പടിഞ്ഞാറു ഭാഗത്ത് പുല്‍ത്തകിരടി നിര്‍മ്മിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് അന്നത്തെ വികാരി ഫാ. എബ്രഹാം കാടാത്തുകളമായിരുന്നു.

മില്യന്‍ സ്റ്റാര്‍ പുരസ്‌കാരം

2015 ല്‍ വികാരിയായി ചുമതലയേറ്റ ഫാ. ഗ്രിഗറി ഓണംകുളം ഇടവകയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു. കരുണയുടെ വിശുദ്ധ വത്സരത്തില്‍ ഭവനരഹിതര്‍ക്ക് 27 ഭവനങ്ങള്‍ ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടേയും സുമനസുകളുടെയും സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കി.

കളര്‍ എ ഡ്രീം, കളര്‍ എ ഹോം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മികവിന് തുരുത്തി ഇടവകയ്ക്ക് അതിരൂപതയുടെ മില്യന്‍ സ്റ്റാര്‍ പുരസ്‌കാരം ലഭിച്ചു. 2016 ഡിസംബര്‍ 18 നു വികാരിയച്ചനും കൊച്ചച്ചനും ഇടവക പ്രതിനിധികളും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

വിശാസികളുടെ സൗകര്യാര്‍ത്ഥം 2016 ഡിസംബര്‍ 25 നു പള്ളിക്കുള്ളില്‍ പൂര്‍ണ്ണമായി ബെഞ്ചുകള്‍ സ്ഥാപിച്ചു.

ഫൊറോന പ്രഖ്യാപനം

ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യ വര്‍ഷാചരണത്തിന്റെ അതിരൂപതാതല സമാപനത്തോടനുബന്ധിച്ചു 2016 നവംബര്‍ 19 നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ തുരുത്തി ഇടവക മര്‍ത്ത് മറിയം ഫൊറോനാ ദൈവാലയമായി ഉയര്‍ത്തപ്പെട്ടു. കൈനടി പരിശുദ്ധ വ്യാകുലമാതാ, ഇത്തിത്താനം സെന്റ് മേരീസ്, പൊടിപ്പാറ തിരുക്കുടുംബം, ഈര ലൂര്‍ദ്ദ്മാതാ, കുറിച്ചി സെന്റ് ജോസഫ്, വടക്കേക്കര സെന്റ് മേരീസ്, കാവാലം സെന്റ് ജോസഫ്, പയറ്റുപാക്ക തിരുക്കുടുംബം, യൂദാപുരം സെന്റ് ജൂഡ് എന്നീ ഇടവകകളാണ് ഈ ഫൊറോനയിലുള്ളത്. ഫാ. ഗ്രിഗറി ഓണംകുളത്തെ പ്രഥമ ഫൊറോനാ വികാരിയായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിയമിച്ചു. 2016 ഡിസ്ബര്‍ 12 ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോനയുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു.

വികസന വഴികളില്‍

പുതിയ കാലഘട്ടത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങള്‍ക്കനുസൃതമായി ഇടവകയെയും ദൈവജനത്തെയും ഒരുക്കുന്നതിനുള്ള ഊര്‍ജസ്വലമായ കര്‍മപദ്ധതികളുമായാണു തുരുത്തി മര്‍ത്ത് മറിയം ഫൊറോനാ പള്ളി രണ്ടാം ശതാബ്ദിയാഘോഷത്തിലേക്കു കടക്കുന്നത്.

ദൈവജനത്തിന്റെ തീക്ഷ്ണ വിശ്വാസത്തിന്റെ പ്രതീകമാണ് രണ്ട് നൂറ്റാണ്ടോട് അടുക്കുന്ന തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളി. ഈ പള്ളിക്കും ഇടവകയ്ക്കുംവേണ്ടി നിസ്വാര്‍ഥ സേവനങ്ങള്‍ അര്‍പ്പിച്ച ധന്യരായ വൈദികരും അല്മായവരും ഏറെയുണ്ട്. ദൈവാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മ്മാണത്തിനും വളര്‍ച്ചയ്ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ ശ്ലാഘനീയമാണ്. വിശ്വാസത്തിലും സ്‌നേഹത്തിലും സാഹോദര്യത്തിലും ഒന്നുചേര്‍ന്ന് ഇടവകക്കാര്‍ അവരെ നന്ദിയോടെ സ്മരിക്കുന്നു.